എസ് എസ് എ മലപ്പുറം


Monday, July 16, 2018

പ്രവേശനോത്സവം 2018 - 19


പൊന്നാനി സബ് ജില്ലയുടെ കീഴിൽ വിവിധ സ്കൂളിൽ നടന്ന പ്രവേശനോത്സവം
Saturday, July 14, 2018

ലൈബ്രറി കൗൺസിൽ ക്വിസ് മത്സരം

ലൈബ്രറി കൗൺസിൽ ക്വിസ് മത്സരം

പൊന്നാനി: കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വായനാ ക്വിസ് സ്കൂൾ തല മത്സരം പള്ളപ്രം എ എം എൽ പി സ്കൂളിൽ നടത്തി. അദീബ് റഷ്ദാൻ സി, നിഷാദ് സി വി, സഫ, അക്സ എന്നിവർ ജേതാക്കളായി. മത്സരത്തിന് വിദ്യാരംഗം കൺവീനർ യു സജ്ന നേതൃത്വം നൽകി.

Thursday, July 12, 2018

ഷൂട്ടൗട്ട് മത്സരം നടത്തി

ഷൂട്ടൗട്ട് മത്സരം നടത്തി

പുതുപൊന്നാനി എയുപി സ്കൂളിൽ നടന്ന ഷൂട്ടൗട്ട് മത്സരം

പൊന്നാനി: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ അറിവും ആവേശവും കുട്ടികളിൽ പകരുന്നതിനായി  പുതുപൊന്നാനി എയുപി സ്കൂളിൽ ഷൂട്ടൗട്ട് മത്സരം നടത്തി. വിദ്യാർത്ഥികൾ ബ്രസീൽ, അർജൻറീന യൂണിഫോമിൽ ടീമുകളായി മത്സരത്തിൽ പങ്കെടുത്തു. അർജന്റീന ടീം ജേതാക്കളായി. പ്രധാനാധ്യാപകൻ ടി എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ കെ എ ജോസ്, സാം, ഷേർലി ജോർജ്, ഷീജ, ഹൈറുന്നിസ, കെ  ഹനീഫ നേതൃത്വം നൽകി.

പള്ളപ്രം എ എം എൽ പി സ്കൂളിൽ പിറന്നാൾ പുസ്തകം പദ്ധതിക്ക് തുടക്കമായി

പള്ളപ്രം എ എം എൽ പി സ്കൂളിൽ പിറന്നാൾ പുസ്തകം പദ്ധതിക്ക് തുടക്കമായി

ചിത്രവിവരണം - പള്ളപ്രം എ എം എൽ പി സ്കൂളിൽ പിറന്നാൾ പുസ്തകം പദ്ധതിക്ക്  തുടക്കമായപ്പോൾ

പൊന്നാനി: പിറന്നാൾ സമ്മാനമായി  സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനിക്കുന്ന  'പിറന്നാൾ പുസ്തകം' പദ്ധതിക്ക് പള്ളപ്പുറം എ എം എൽ പി സ്കൂളിൽ തുടക്കമായി. ആദ്യ ഘട്ടത്തിൽ ഷിഫ്ന ഷെറിൻ, സൽമാനുൽ ഫാരിസി, നാഫിഹ, മിൻഹാജ്, മുഹമ്മദ് ആദിൽ എന്നീ വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. ക്ലാസ്സ് ടീച്ചർമാരായ അഫിയ, സുജിത, നിത ജോയ്, ആയിശ റോഷ്നി, ദിപു ജോൺ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപിക എം വി റെയ്സി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ലൈബ്രറി ഇൻ ചാർജ് റഫീഖ്, ജൂലിഷ് എബ്രഹാം പ്രസംഗിച്ചു.

Tuesday, July 10, 2018

തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ രക്ഷക്കായി പുതുപൊന്നാനി എ യു പി സ്കൂളിൽ വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തി

തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ രക്ഷക്കായി വിദ്യാർത്ഥികളുടെ പ്രാർത്ഥന 

ചിത്രവിവരണം 

തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ രക്ഷക്കായി പുതുപൊന്നാനി എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രാർത്ഥന

പൊന്നാനി: തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ രക്ഷക്കായി പുതുപൊന്നാനി എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തി. പ്രധാനാധ്യാപകൻ ടിഎം ഉണ്ണികൃഷ്ണൻ, അധ്യാപകരായ ഹൈറുന്നിസ, ഷീജ നേതൃത്വം നൽകി.

കെ.ബി.എസിന്റെ സഹകരണത്തിൽ വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിന് സ്വന്തമായി ലൈബ്രറി ഒരുങ്ങുന്നു

വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിൽ കെ ബി എസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ലൈബ്രറിയുടെ ആദ്യ ഗഡു കൈമാറുന്നു.

കെ.ബി.എസിന്റെ സഹകരണത്തിൽ വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിന് സ്വന്തമായി ലൈബ്രറി ഒരുങ്ങുന്നു

പൊന്നാനി: വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന്റെ വികസന മുന്നേറ്റത്തിന് ഒരു പൊൻതൂവൽ കൂടി. സ്വന്തമായൊരു ലൈബ്രറിയെന്ന സ്കൂളിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാർഥ്യമാവുന്നത്. 2018 ജൂൺ 19 വായനാദിനത്തിൽ തുടക്കമിട്ട 
'എന്റെ വിദ്യാലയം 
എന്റെ ലൈബ്രറി' നവീകരണ കാമ്പയിന്റെ ഭാഗമായാണ് ആധുനിക രീതിയിലുള്ള ലൈബ്രറി ഒരുങ്ങുന്നത്. കേരള ബിയേർഡ് സൊസൈറ്റി ചാരിറ്റി ഓർഗനൈസേഷൻ എന്ന സംഘടനയുടെ സഹകരണത്തിലാണ് ലൈബ്രറി ഒരുക്കുന്നത്. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന കേരളത്തിലെ താടിക്കാരുടെ ഒരു കൂട്ടായ്മയാണ് കെ ബി എസ്. ഈ സംഘടനയുടെ ഒന്നാം വാർഷിക ഉപഹാരമായാണ് വിദ്യാഭ്യാസ മേഖലയിലെ ആദ്യ ചുവട് വെപ്പായി വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂൾ ലൈബ്രറി നവീകരണം.  ലൈബ്രറി ഒരുക്കുന്നത്തിന്റെ നിർമാണ ചുമതല ന്യൂ ഡെക്കോർ ഇൻറീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച സ്കൂളിൽ നടന്ന ചടങ്ങ് കെ ബി എസ് സ്ഥാപകാംഗം അനസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു.  ന്യൂ ഡെക്കോർ കമ്പനി എം.ഡി. അശോക് കുമാറിന് ആദ്യഗഡുവായി 25,000 രൂപ കെ ബി എസ് ഭാരവാഹി കെ.കെ. ആരിഫ് കൈമാറി. വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകക്കിറ്റ് പ്രധാനാധ്യാപിക വി.ജെ. ജെസ്സി ഏറ്റുവാങ്ങി. വികസന സമിതി ട്രഷറർ ടി.എം. ഹംസ, അംഗം ടി.എ. കുഞ്ഞു, അധ്യാപകരായ സവിതാമണി, വി.വി. യമുന, കെ.ബി.എസ്. ഭാരവാഹികളായ ആരിഫ്, മുഹമ്മദ് റഫീഖ് നാക്കോലക്കൽ, ഷെബീർ കെട്ടുങ്ങൽ, അമീർഷ, റംഷീദ്, ഷഫീഖ്, ഫൈസൽ പ്രസംഗിച്ചു.

Monday, July 9, 2018

'വിദ്യയും വിത്തും' പദ്ധതിക്ക് തുടക്കമായി

 വെളിയങ്കോട് ജി എഫ് എൽ പി സ്കൂളിൽ 'വിദ്യയും വിത്തും' പദ്ധതി വെളിയങ്കോട് കൃഷി ഓഫീസർ വി.കെ. ലമീന ഉദ്ഘാടനം ചെയ്യുന്നു

 'വിദ്യയും വിത്തും' പദ്ധതിക്ക് തുടക്കമായി

പൊന്നാനി: വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിൽ 'വിദ്യയും വിത്തും' പദ്ധതിക്ക് തുടക്കമായി. പഠനത്തോടൊപ്പം കാർഷിക അവബോധം വളർത്തുകയും വീടുകളിൽ അടുക്കളത്തോട്ടങ്ങൾ ഒരുക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.  ഓണത്തിന് വിളവെടുപ്പ് സാധ്യമാവുമെന്ന നിലയിൽ നടപ്പാക്കുന്ന പദ്ധതി വെളിയങ്കോട് കൃഷി ഓഫീസർ വി.കെ. ലമീന ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തുകൾ സ്കൂൾ ലീഡർ ടി.വൈ. മുഹമ്മദ് റാഷിദ് ഏറ്റുവാങ്ങി. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ വിത്തിടലും നടന്നു. കൃഷി അസിസ്റ്റൻഡ് രവി, പ്രധാനാധ്യാപിക വി.ജെ. ജെസ്സി, വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട്, പി ടി എ പ്രസിഡന്റ് മുസ്തഫ എം എസ്, അധ്യാപികമാരായ കെ.ബി. സുനിത, ലളിത പ്രസംഗിച്ചു. കാർഷിക ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകി.

Thursday, July 5, 2018

ബഷീർ

*കഥാപാത്രങ്ങൾ അരങ്ങിലെത്തി*:
*ബഷീറിന് സ്മരണാഞ്ജലി*

ചിത്രം

പൊന്നാനി: ബാല്യകാല സഖിയിലെ മജീദിനും സുഹറയ്ക്കും മുച്ചീട്ടുകളിക്കാരൻ  ഒറ്റക്കണ്ണൻപോക്കർക്കും മണ്ടൻ മുത്തപയ്ക്കും കുഞ്ഞു പാത്തുമ്മയ്ക്കുമെല്ലാം ജീവനേകി മലയാളത്തിന്റെ വിശ്വവിഖ്യാതനായ സുൽത്താന് പൊന്നാനി ടി.ഐ.യു.പി സ്കൂൾ വിദ്യാർത്ഥികളുടെ സ്മരണാഞ്ജലി.
       വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തി നാലാം ചരമ ദിനത്തോടനുബന്ധിച്ച് നടത്തിയ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായാണ് ബഷീറിന്റെ പ്രശസ്തമായ കഥാ പാത്രങ്ങളുടെ വേഷമണിഞ്ഞ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ബഷീർ ജീവചരിത്ര ക്വിസ് മത്സരം, ബഷീർ കാരിക്കേച്ചർ നിർമ്മാണ മത്സരം, ബഷീർ കൃതികളുടെ വായനാസ്വാദനം എന്നിവയും ഇതൊന്നിച്ച് സംഘടിപ്പിച്ചു.  അധ്യാപകരായ റംല, ആയിഷാബി, അബ്ദുൽ ഫത്താഹ്, ഷമീമ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tuesday, July 3, 2018

പളളപ്രം എ എംഎൽപി സ്കൂളിൽ വായനാ പക്ഷാചരണം

ചിത്രം - പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ ലൈബ്രറി വിഭവസമാഹരണം പി ടി എ പ്രസിഡണ്ട് പി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

 വായനാവാരത്തിൽ പുസ്തക സമാഹരണത്തിന് തുടക്കമായി

 പൊന്നാനി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി ശാക്തീകരണം ലക്ഷ്യമിട്ട് പള്ളപ്രം എ എം എൽ പി സ്കൂളിൽ പുസ്തക ശേഖരണത്തിനു തുടക്കമായി. പി ടി എ പ്രസിഡണ്ട് പി വി ഇബ്രാഹിം  പ്രധാനാധ്യാപിക എം വി റെയ്സിക്ക് പുസ്തകം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. 
ജൂലിഷ് എബ്രഹാം കെ, സി കെ റഫീഖ് സംസാരിച്ചു. വായനാവാരത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കടവനാട് കൈരളി ഗ്രന്ഥാലയം സന്ദർശിച്ചു. ലൈബ്രറി പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനും പ്രധാന പുസ്തകങ്ങൾ കാണുന്നതിനും ഇതിലൂടെ അവസരമൊരുങ്ങി. വിദ്യാരംഗം കൺവീനർ യു സജ്ന, കൈരളി ഗ്രന്ഥാലയം പ്രതിനിധി ഗംഗാധരൻ, പ്രധാനാധ്യാപിക റെയ്സി, റിട്ട. അധ്യാപിക പി കെ ഘോഷവതി, പി മുഹമ്മദ് റിയാസ് വിദ്യാർഥികൾക്ക് ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.

Thursday, June 28, 2018

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് പഠന പരിപാടിക്ക് തുടക്കമായി
ചിത്രം -
പൊന്നാനി പളളപ്പുറം എ എം എൽ പി സ്കൂളിൽ ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമായപ്പോൾ

പൊന്നാനി:  പള്ളപ്പുറം എ എം എൽ പിസ്കൂളിൽ ഹലോ ഇംഗ്ലീഷ് പഠന പരിപാടികൾക്ക് തുടക്കമായി. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിനായി നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ അടങ്ങിയ  പദ്ധതിയുടെ ആദ്യഘട്ടമായി കളികളിലൂടെ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനത്തിന് തുടക്കമിട്ടു. അധ്യാപകരായ ജൂലിഷ് എബ്രഹാം, അഫിയ കെ വി എന്നിവർ നേതൃത്വം നൽകി. അധ്യാപകർക്കുള്ള ഹലോ ഇംഗ്ലീഷ് കൈപുസ്തകങ്ങളുടെ വിതരണം ക്ലസ്റ്റർ കോർഡിനേറ്റർ ഡോ. ചന്ദ്രലേഖ നിർവഹിച്ചു. പ്രധാനാധ്യാപിക  എംവി റെയ്സി പ്രസംഗിച്ചു.

Wednesday, June 13, 2018

പ്രീ പ്രൈമറി പ്രവേശനോത്സവം

പ്രീ പ്രൈമറി പ്രവേശനോത്സവം
പെന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിലെ പ്രീപ്രൈമറി പ്രവേശനോത്സവം മുൻ പ്രധാനാധ്യാപിക കെ പ്രമീള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം വി റെയ്സി, ദിപു ജോൺ, റഫീഖ് പ്രസംഗിച്ചു.Monday, June 11, 2018

പൊന്നാനി: മികവിൻറെ പടവുകൾകയറി വെളിയങ്കോട് തീരദേശ മേഖലയിലെ ഗവ. ഫിഷറീസ് സ്കൂൾ. 
2017 - 18 അധ്യായന വർഷത്തിൽ 98 വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇത്തവണ 174 കുട്ടികളായി. പുതുതായി പ്രവേശനം നേടിയത് 113 കുട്ടികൾ. 
2004 ന് ശേഷം ഒന്നാം ക്ലാസ് രണ്ട് ഡിവിഷനായി. നിലനില്പ് ചോദ്യം ചെയ്യപ്പെട്ടിടത്ത് നിന്നാണ് ഈ വിദ്യാലയം ജനകീയ പിന്തുണയോടെ ജില്ലയിലെ മാതൃകാവിദ്യാലയമെന്ന ലക്ഷ്യവുമായി മികവിൻറെ പടവുകൾ കയറിത്തുടങ്ങിയത്. വെളിയങ്കോട് മേഖലയിലെ ആദ്യത്തെ പൊതുവിദ്യാലയമായിട്ടാണ് തീരദേശ മേഖലയിൽ വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂൾ സ്ഥാപിതമായത്. ഒമ്പത് പതിറ്റാണ്ടിൻറെ പഴക്കമുള്ള ഈ വിദ്യാലയത്തിൽ നിന്നും ആയിരങ്ങളാണ് വിദ്യനേടിയത്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം വെളിയങ്കോടും സമീപപ്രദേശങ്ങളിലുമായി സ്വകാര്യ വിദ്യാലയങ്ങൾ കൈയടക്കിയതോടെ ഇതിൻറെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറുകയായിരുന്നു. 2004 - 05 അധ്യായന വർഷത്തിൽ 226 വിദ്യാർഥികളുണ്ടായിരുന്നെങ്കിലും പിന്നീട് ഓരോ അധ്യായന വർഷവും കഴിയുമ്പോഴും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു.  2017 - 18 അധ്യായന വർഷമെത്തിയപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ മൊത്തം കുട്ടികൾ 98 ലെത്തി. ഇതോടെയാണ് സ്കൂൾ പി.ടി.എ. യോഗത്തിൻറെ തീരുമാനപ്രകാരം സംസ്ഥാന സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി 2018 ഫെബ്രുവരിയിൽ വികസന സമിതിക്ക് രൂപം നൽകുന്നത്. ഫാറൂഖ് വെളിയങ്കോട് ചെയർമാനും പ്രഥമാധ്യാപിക വി.ജെ. ജെസ്സി കൺവീനറും എം.പി. അബ്ദുല്ല ഹാജി വൈസ് ചെയർമാനും ടി.എം. ഹംസ ഖജാൻജിയുമായ വികസന സമിതിയും എം.എസ്. മുസ്തഫ പ്രസിഡൻറായുളള  പി.ടി.എ. കമ്മിറ്റിയും ഒരുമിച്ചുള്ള നീക്കത്തിൻറെ ഭാഗമായി നാട്ടുകാരെയും സന്നദ്ധപ്രവർത്തകരെയും ഒരുമിച്ചുകൂട്ടി സ്കൂളിൽ ഫെബ്രുവരി 23 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സദസ്സിൻറെ ഉദ്ഘാടകനായ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ സ്കൂളിൻറെ മുഖച്ഛായ മാറ്റുന്നതിനായി പ്രധാനകവാടം, ജൈവവൈവിധ്യ ഉദ്യാനം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കുകയും മെയ് ആദ്യത്തോടെ . തുടർന്ന് സ്കൂളിലെത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. വിദ്യാർഥികളുടെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി സ്കൂൾ വാഹനം വാങ്ങിക്കുന്നതിനായി ആറ് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിൻറെ ടെൻഡർ നടപടികൾ പൂർത്തിയാവുകയും വാഹനം വാങ്ങിക്കുന്നതിനാവശ്യമായ തുക ലഭിക്കുന്നതിന് കളക്ടറുടെ അനുമതിക്കായി ജില്ലാ ആസൂത്രണ സമിതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് ഈ മാസത്തോടെ പുതിയ വാഹനം സ്കൂളിലെത്തും. നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ  ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ മാസത്തോടെ ഇതിൻറെ നിർമാണാനുമതി ലാഭിക്കും.  ഇതിനുപുറമെ മാർച്ച് 29 ന് സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ സ്കൂളിൻറെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ ആവശ്യമായ മുഴുവൻ തുകയും സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത് വിദ്യാലയത്തിൻറെ വികസന കുതിപ്പിന് വലിയപ്രതീക്ഷയാണ് നൽകിയത്. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ ചെലവിൽ ജൈവവാതക പ്ലാൻറ് നിർമാണം പൂർത്തിയാക്കി. ഫിഷറീസ് വകുപ്പ് വിട്ടുനൽകിയ ഒന്നേകാൽ ഏക്കർ സ്ഥലത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ചുറ്റുമതിൽ നിർമാണം നടന്നുവരുന്നു. ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേർന്ന് സ്കൂളിലെ 48 വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. വെളിയങ്കോട് വെസ്റ്റ് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ മൂന്ന് മദ്രസകളിൽ കോർണർ പി.ടി.എ. യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. നാട്ടുകാരുടെ വലിയ പങ്കാളിത്തമാണ് ഈ യോഗങ്ങളിലുണ്ടായത്. കഴിഞ്ഞ അധ്യായന വർഷം 98 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ  2018 - 19 അധ്യായന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 113 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. 2004 - 05 അധ്യായന വർഷത്തിലാണ് രണ്ട് ഡിവിഷനുണ്ടായിരുന്ന ഒന്നാം ക്ലാസിലെ ഒരു ഡിവിഷൻ നഷ്ടമായത് പിന്നീട് പതിമൂന്ന് വർഷത്തിനുശേഷം ഇത്തണയാണ് 35 കുട്ടികൾ ഒന്നാം ക്ലാസ്സിൽ മാത്രം പ്രവേശനം നേടിയതോടെ രണ്ട് ഡിവിഷനായി മാറിയത്. ചുരുങ്ങിയ മാസങ്ങളിലെ പ്രവർത്തനംകൊണ്ടുതന്നെ സ്കൂളിൻറെ മാറ്റം ഉൾക്കൊണ്ട പൊതുസമൂഹം വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിനെ സ്വീകരിച്ചുവെന്നതിൻറെ തെളിവാണ് കുട്ടികളുടെ പ്രവേശനത്തിലുണ്ടായ വർദ്ധനവ്.

Wednesday, May 30, 2018


അവധിക്കാല അധ്യാപക പരിശീലനം 2018 -19
അവിധക്കാല പ്രതിഭാകേന്ദ്ര പരിശീലനംThursday, April 19, 2018

പ്രധാനാധ്യാപക യോഗം 23 ന്

പ്രധാനാധ്യാപക യോഗം
പൊന്നാനി: അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പൊന്നാനി ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 23-4-2018 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊന്നാനി യു ആർ സി യിൽ ചേരും.

Thursday, April 12, 2018

‎ കിങ്ങിണിക്കൂട്ടം ക്യാമ്പ്

കിങ്ങിണിക്കൂട്ടം അവധിക്കാല ക്യാമ്പ് സമാപിച്ചു
പൊന്നാനി ടി ഐ യുപി സ്കൂളിൽ നടന്നു വന്ന കിങ്ങിണിക്കൂട്ടം ക്യാമ്പിൽ ഹെഡ്മാസ്റ്റർ പി വി അബ്ദുൽ ഖാദർ പ്രസംഗിക്കുന്നു.


പൊന്നാനി: യു.ആർ.സിയുടെ പ്രതിഭാ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട പൊന്നാനി ടി. ഐ.യു. പി സ്കൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന കിങ്ങിണിക്കൂട്ടം അവധിക്കാല ക്യാമ്പ് സമാപിച്ചു
എപ്രിൽ 9ന് തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പിൽ ഒറിഗാമി. സിനിമാ പ്രദർശനം, നാടക ക്യാമ്പ് , വ്യക്തിത്വ വികസനം, ചിത്ര രചനാ ക്യാമ്പ്; നാടൻപാട്ടരങ്ങ് , നാട്ടറിവ് തുടങ്ങിയ വിവിധ സെഷനുകൾ അരങ്ങേറി
അൻപതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിന് പി.വി ജമാലുദ്ദീൻ, അസീം അഷ്റഫ് ,എൻ.വി. റംലു, കെ.വി.സഅദ് , ഫാസിൽ സാലു ' നിസാർ കോടമ്പിയകം
 നേതൃത്വം നൽകി.
പൊന്നാനി എ.ഇ.ഒ. കെ.പി. മുഹമ്മദലി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർ ശ്രീദീപ് അവലോകനം നടത്തി. ഹെഡ്മാസ്റ്റർ പി.വി. അബ്ദുൽ ഖാദർ  അധ്യക്ഷത വഹിച്ചു.  സ്റ്റാഫ് സെകട്ടറി കോയ മാസ്റ്റർ തറോല സ്വാഗതവും കെ.എസ് സലീം നന്ദിയും പറഞ്ഞു

Sunday, April 1, 2018

വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിന് ഇ ടി യു ടെ ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ അനുവദിച്ചു

വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിന് ഇ ടി യു ടെ ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ അനുവദിച്ചു 

പൊന്നാനി: വിദ്യാർഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി വിദ്യാലയത്തിന് സ്വന്തമായി വാഹനം വാങ്ങിക്കുന്നതിനായി വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിന് എം.പി. ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ അനുവദിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ സ്‌പെഷ്യൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് അനുവദിച്ചത്. ഫെബ്രുവരിയിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സ്കൂൾ സന്ദർശിച്ചിരുന്നു 

Wednesday, March 28, 2018

എരമംഗലം എ.എൽ.പി. സ്കൂൾ 90 -ാം വർഷികത്തിൻറെ നിറവിൽ

എരമംഗലം എ.എൽ.പി. സ്കൂൾ 90 -ാം വർഷികത്തിൻറെ നിറവിൽ 

പൊന്നാനി: ആയിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ എരമംഗലം എ.എൽ.പി. സ്കൂൾ 90 -ാം വർഷികത്തിൻറെ നിറവിൽ. ആദ്യകാലത്തുതന്നെ എരമംഗലത്തെ രണ്ട് പ്രദേശങ്ങളിലായി 600 വിദ്യാർഥികളും 20 അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന പൊന്നാനി താലൂക്കിലെ തന്നെ അറിയപ്പെടുന്ന വിദ്യാലയമായിരുന്നു. സമീപപ്രദേശങ്ങളിൽ സ്വകാര്യ വിദ്യാലയങ്ങൾ പെരുകിയതോടെ ഈ വിദ്യാലയത്തേയും കാര്യമായി ബാധിച്ചു. നിലവിൽ 149 വിദ്യാർഥികളും ആറ് അധ്യാപകരുമാണുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി പൂർവ്വ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് വിദ്യാലയത്തെ മികവിൻറെ കേന്ദ്രമാക്കാനൊരുങ്ങുകയാണ്. ഇതിൻറെ ഭാഗമായി സ്കൂളിൻറെ  90 -ാം വർഷികാഘോഷം വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് (വ്യാഴം) തുടങ്ങുന്ന വാർഷികാഘോഷം നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച 10.30 ന് നടക്കുന്ന പൂർവ്വ വിദ്യാർഥി സംഗമം മന്ത്രി കെ.ടി. ജലീലും മൂന്നിന് സാംസ്കാരിക സമ്മേളനം പി.എസ്.സി. ചെയർമാൻ എം.കെ. സക്കീറും ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എ.കെ. മുഹമ്മദുണ്ണി, ഷാജി കാളിയത്തേൽ, ഇ.കെ. മൊയ്തുണ്ണി, പ്രഥമാധ്യാപിക നിർമ്മല പങ്കെടുത്തു.

Friday, March 16, 2018

കളിപ്പങ്കജി.എം.യു.പി.എസ് വെളിയൻകോഡ് സൗത്തിൽ ശാസ്ത്ര പരീക്ഷണ ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് പ്രേമജ സുധീർ ഉദ്ഘാടനം  ചെയ്തു