എസ് എസ് എ മലപ്പുറം


Sunday, September 6, 2020

Hi

അമേരിക്കയിലെ
*****************
ഋതുഭേദങ്ങൾ (ദിനരാത്രങ്ങൾ ) 
*****************
ഏതോ ഒരു നല്ല  ചിത്രകാരന്റെ ക്യാൻവാസ് എന്നപോലെ പടിഞ്ഞാറൻ ചക്രവാളം വിവിധ ചായക്കൂട്ടുകളാൽ മനോഹരങ്ങളായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഏറെ വൈകിയിട്ടും തന്റെ  പ്രിയതമനെ പിരി യാനാകാതെ കെട്ടിപ്പിടിച്ചു കരയുന്ന പകലിന്റെ കണ്ണുനീർ തട്ടിത്തെറിച്ച്‌ ആ ചിത്രങ്ങളിൽ മുത്തുകളായി തിളങ്ങി നിന്നു.
ഈ വിടവാങ്ങൽ തത്കാലത്തേക്ക് മാത്രം എന്ന് ആശ്വസിപ്പിച്ചുകൊണ്ട്  പകലവൻ ചക്രവാളത്തിലേക്ക് പതുക്കെ പതുക്കെ  മറഞ്ഞു നീങ്ങുന്നു. അമേരിക്കയിലെ  വേനൽക്കാലസായന്തനങ്ങൾ  നോക്കിയിരിക്കുമ്പോൾ എന്റെ  ഉള്ളിലും ഒരു കവിഹൃദയം മുളപൊട്ടുകയുണ്ടായി. ഋതുഭേദങ്ങൾ എല്ലായിടത്തും  കാലാവസ്ഥയെ മാത്രമല്ല ഉദയാസ്തമയങ്ങളെയും സ്വാധീനിക്കാറുണ്ടെങ്കിലും ഇവിടത്തെ ദിനരാത്രങ്ങൾ വളരെ വിസ്മയകരമായി തോന്നി. ഏറെ വൈകിയിട്ടും  പകലിനെ വിട്ടുപോകാൻ എന്തോ  മടിയുള്ളതു പോലെയാണ്  വേനൽക്കാലത്തെ അസ്തമയ സൂര്യനെ കാണുമ്പോൾ പലപ്പോഴും തോന്നാറുള്ളത്. എല്ലാമെല്ലാം  വിചിത്രാനുഭവങ്ങൾ. !!രാത്രി ഒന്പത് മണി വരെയുള്ള പകൽ വെളിച്ചം ഒരു നറു നിലാവിലെന്ന പോലെ ഞാൻ  
ആവോളം ആസ്വദിച്ചു. വൈകീട്ട് എട്ടു  മണിയായാൽ എന്നും  നടക്കാനിറങ്ങും. വീടിനു അടുത്തു തന്നെ  വലിയ ഒരു ഗ്രൗണ്ട്  ഉണ്ട് ,
 അതൊരു തടാകത്തിനു അടുത്തായിരുന്നു. അമേരിക്കയെ "തടാകങ്ങളുടെ നാട്"എന്ന് വിശേഷിപ്പിക്കാറുണ്ട്. ഓരോ നഗരവും രൂപ കല്പ്പന ചെയ്തിരിക്കുന്നത് തടാകക്കരകളിൽ ആണ്. ഗ്രൗണ്ടിനോട് ചേർന്നുള്ള തടാകത്തിൽ 
പായ് വഞ്ചികൾ  ഒരു പതിവ് കാഴ്ചയായിരുന്നു  .കാനഡയിൽ നിന്ന് വരുന്ന കറുത്ത താറാവ് കൂട്ടങ്ങൾ ഇക്കാലത്തെ മറ്റൊരു പ്രത്യേകതയാണ്. കരയിലും വെള്ളത്തിലും ഇവയെ എപ്ലോഴും കാണാം.  ഇവ  കുണുങ്ങി കുണുങ്ങിക്കൊണ്ട് കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുമ്പോൾ   ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ   പോലും ആ ദേശാടന  പക്ഷികൾക്കായി  വഴിയൊരുക്കികൊടുക്കുന്നത് കണ്ടപ്പോൾ മനുഷ്യജീവന് ഒരു പുല്ലുവിലപോലും കൽപ്പിക്കാത്ത നമ്മുടെ നാട്ടിലെ റോഡുകൾ ഞാൻ  വെറുതെ ഓർത്തുപോയി. നേരത്തെ സൂചിപ്പിച്ച ഗ്രൗണ്ടിൽ  നടക്കുന്നതിനായി  പ്രത്യേകം നടപ്പാതയും, കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ  കളിക്കാനുമൊക്കെയുള്ള  സൗകര്യം ഉണ്ടായിരുന്നു.  വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഒരുപാട് പേർ സന്ധ്യയായാൽ അവിടെ  എത്തിച്ചേരും.  ചിലരൊക്കെ എന്നോട്  കുശലാന്വേഷണങ്ങൾ  ചോദിക്കാറുണ്ടായിരുന്നു.  അതിൽ റിച്ചാർഡ്  എന്ന ഒരു സ്പെയിൻ കാരനെ ഇപ്പോഴും  ഓർക്കുന്നു. .ഇന്ത്യയുടെ സംസ്കാരം,  ഇന്ത്യൻ സാഹിത്യം, ഇന്ത്യൻ സിനിമ ഇതൊക്കെ അവർക്ക് വലിയ ഇഷ്ടമാണെന്ന് പറയുകയുണ്ടായി. എന്റെ ചുരുങ്ങിയ അറിവ് വെച്ചു  അവയെക്കുറിച്ചൊക്കെ ചർച്ച ചെയ്യുക പതിവായി.  അവർ  വർഷങ്ങൾക്കു മുൻപ് ഇവിടേക്ക് കുടിയേറി പാർത്തവരായിരുന്നു. അമേരിക്ക ഒരു migrating country ആണെന്ന് പറയാം. ഇവിടേയ്ക്ക് കുടിയേറി പാർക്കാത്ത രാജ്യങ്ങൾ ഉണ്ടോ എന്ന് തന്നെ  സംശയമാണ്‌.   സത്യത്തിൽ "നാനാത്വത്തിൽ ഏകത്വം" കൂടുതൽ പ്രകടമാകുന്നത് ഇവിടെയല്ലേ എന്ന്  തോന്നിപ്പോയിട്ടുണ്ട്.  ഇവിടത്തെ യഥാർത്ഥ തദ്ദേശ വാസികൾ  റെഡ്  ഇന്ത്യക്കാരാണ്. പക്ഷെ സ്വന്തം നാട്ടിൽ പൗരത്വം നിഷേധിക്കപ്പെട്ട ഹതഭാഗ്യരായിരുന്നു റെഡ് ഇന്ത്യക്കാർ.  പിന്നീട് ചില ഉപാധികളോടെ പൗരത്വം ലഭിക്കുകയുണ്ടായി. 'ആമിഷ്' വർഗ്ഗക്കാരെപോലെ തങ്ങളിൽ തന്നെ ഒതുങ്ങിക്കൂടി  സമൂഹമധ്യത്തിലേക്കു ഇറങ്ങി വരാൻ മടിക്കുന്നവരാണ് ഇവരും.ജനസംഖ്യയിൽ ഏകദേശം 30  ലക്ഷത്തിൽ താഴെ മാത്രം വരുന്ന റെഡ് ഇന്ത്യക്കാർ അമേരിക്കയുടെ മധ്യഭാഗത്താണ്  കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ  കാര്യമായ വികസനങ്ങൾ എത്തിനോക്കാത്ത പ്രദേശമായി ഇപ്പോഴും അവിടം  നിലകൊള്ളുന്നു. പുറം ലോകവുമായി അധികം ബന്ധമില്ലാത്തതുകൊണ്ട്  ഇവരെ കാണാൻ പ്രയാസമാണെങ്കിലും  എനിക്കൊരു കാർണിവലിൽ വെച്ച് 
കാണാനൊരവസരം ലഭിക്കുകയുണ്ടായി.  കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. കണ്ടാൽ  നമ്മുടെയൊക്കെ പോലെ തന്നെ.1453 - ൽ തുർക്കികൾ കോൺസ്റ്റാന്റിനേപ്പ്ൾ പിടിച്ചെടുത്തപ്പോൾ യൂറോപ്പിൽ നിന്ന്  കരമാർഗ്ഗം ഇന്ത്യയിലേക്കുള്ള വഴി തടസ്സപ്പെടുകയും, സമുദ്രമാർഗ്ഗമുള്ള വഴി കണ്ടെത്താനായി നിരവധി പേർ ശ്രമങ്ങൾ നടത്തുകയുണ്ടായി എന്നും, അതിൽ ഇറ്റാലിയൻ പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസ് വഴി തെറ്റി അമേരിക്കയിൽ എത്തുകയും അവിടത്തെ ജനങ്ങളെ കണ്ട് ഇന്ത്യക്കാരാണെന്ന് തെറ്റിദ്ധരിച്ച്‌ താൻ ഇന്ത്യ യിലേക്കുള്ള വഴി കണ്ടെത്തി എന്ന് വിശ്വസിക്കുകയും  ചെയ്തു എന്നൊക്കെ നമ്മൾ പ്രൈമറി ക്ലാസ്സിൽ പഠിച്ചിട്ടുണ്ടല്ലോ... പക്ഷെ കൊളംബസിന് ഇവരെ കണ്ടപ്പോൾ ഇന്ത്യക്കാരാണ്  എന്ന് സംശയം തോന്നിയതിൽ കുറ്റം പറയാനാവില്ല  എന്നെനിക്കും  തോന്നുകയുണ്ടായി. അങ്ങനെ വിവിധ രാജ്യക്കാരുമായൊക്കെ  സൗഹൃദം സ്ഥാപിച്ചുകൊണ്ടും അവരുമായി  കൊച്ചുവാർത്തമാനങ്ങൾ പറഞ്ഞുകൊണ്ടും രാത്രി 9 മണി വരെ നീണ്ടുനിൽക്കുന്ന സായാഹ്നങ്ങളെ ഞാൻ മധുരോദാരമാക്കി. പിന്നീട് ദിവസങ്ങൾ 
കഴിയുന്തോറും  സൂര്യന്  പകലിനോടുള്ള സ്നേഹം പതുക്കെ പതുക്കെ കുറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.   പകലിനെ വിട്ടുപിരിയാൻ എന്തോ തിടുക്കം കാട്ടുന്നതുപോലെ..  മഞ്ഞുപെയ്യുന്ന കാലങ്ങളിൽ നാലുമണിപ്പൂ വിരിയുന്ന നേരത്ത് തന്നെ പകലിന്റെ പട്ടടയിൽ ഇരുൾ മൂടുകയായി.സൂര്യന്റെ ഈ വ്യത്യസ്ത സ്നേഹപ്രകടനത്തിൽ പകലിന്റെയും രാത്രിയുടെയും കാലയളവിൽ വളരെ യധികം വ്യത്യാസം ഉണ്ടാകുന്നു. ചിലപ്പോൾ പകൽ 15 മണിക്കൂറിൽ കൂടുതൽ ആവുമ്പോൾ മറ്റു ചിലപ്പോൾ അത് 10 മണിക്കൂർ ഒക്കെ ആയി ചുരുങ്ങുന്നു. ഇത് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ പലതരത്തിലും വല്ലാതെ  ബാധിക്കുകയുണ്ടായി. പകലിന്റെ ഈ നഷ്ടം നികത്താനായി   അമേരിക്കൻ ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ  ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ 1784 ൽ Day Light Saving Time  (DST)എന്നൊരാശയം ആദ്യമായി മുന്നോട്ടു വെക്കുകയുണ്ടായി. പിന്നീട് 1895 ൽ ജോർജ് ഹെഡ്‌സൺ വീണ്ടും ഈ ആശയം നിർദ്ദേശിക്കുകയും, അങ്ങനെ 
 ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1916 ൽ ജർമ്മനിയിൽ ആദ്യമായി DST  നടപ്പിലാക്കുകയും,  അതിനെ തുടർന്ന്  1918 ൽ  അമേരിക്കൻ ഐക്യനാടുകളിലും DST നടപ്പാക്കുയുണ്ടായി. ഇതുപ്രകാരം പകൽ കുറവുള്ള വിന്റർ സീസണിൽ പകൽ സമയം ലാഭിക്കാനായി ക്ലോക്ക് 1 മണിക്കൂർ പിന്നിലേക്ക് ക്രമീകരിക്കുന്നു.  അത് നവംബർ ആദ്യത്തെ ഞായറാഴ്ച യാണ് ചെയ്യുന്നത്. ഉദാഹരണത്തിന് രാവിലെ 6 മണിയാകുമ്പോൾ ഒരു മണിക്കൂർ പിന്നിലേക്ക് തിരിച്ചാൽ 5 മണി ആകുമല്ലോ. അങ്ങനെ 1 മണിക്കൂർ പകൽ ലാഭിക്കുന്നു. പിന്നീട് പകൽ കൂടുതലുള്ള സ്പ്രിംഗ്, സമ്മർ സീസണുകളിൽ പകലിന്റെ ദൈർഘ്യം കൂടുമ്പോൾ ക്ലോക്ക് പഴയ പടി തന്നെ 1 മണിക്കൂർ മുന്നിലേക്ക്‌ തിരിച്ചു വെക്കുന്നു.    എല്ലാ വർഷവും മാർച്ച്‌ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇങ്ങനെ ചെയ്യുന്നത്.ഈ വർഷം മാർച്ച്‌ 11  ഞായറാഴ്ച ആയിരുന്നു സമയക്രമീകരണം നടന്നത്.  അതിനായി പ്രത്യേക  മുന്നറിയിപ്പിന്റെ ആവശ്യമില്ല. കംപ്യൂട്ടറിലും ഫോണിലുമെല്ലാം സമയം അതിനനുസരിച്ച്‌ സമയം മാറിവരും. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ  ഭൂഖണ്ഡങ്ങളിലൊന്നും  DST നടപ്പിലാക്കാതുകൊണ്ട് തന്നെ ലോകത്തിൽ ഭൂരിപക്ഷം ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ല.  ഇന്ത്യയിൽ ഗുജറാത്തിലെ കച്ച്‌ തുടങ്ങിയ പ്രദേശങ്ങളിൽ ദിനരാത്രങ്ങളിൽ പ്രകടമായ മാറ്റം ഉള്ളത് കൊണ്ട് DST നടപ്പാക്കുന്നതിനെ കുറിച്ച് ഒരിക്കൽ  ചിന്തിക്കുകയുണ്ടായിരുന്നു. പക്ഷെ ഒരു രാജ്യത്ത് രണ്ടു സമയം ഉള്ളത് പ്രായോഗികമായതി പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നുള്ളത് കൊണ്ട് 
പിന്നീട് ആ ശ്രമം  ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഏഴാംകടലിനക്കരെയുള്ള ഈ സ്വപ്നഭൂമിയിൽ ഒത്തിരി ഒത്തിരി  വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ ഞാനിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്നു...
     Sheela tr.
HM. PNUPS Kanhiramukku

No comments: