പൊന്നാനി: മികവിൻറെ പടവുകൾകയറി വെളിയങ്കോട് തീരദേശ മേഖലയിലെ ഗവ. ഫിഷറീസ് സ്കൂൾ.
2017 - 18 അധ്യായന വർഷത്തിൽ 98 വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇത്തവണ 174 കുട്ടികളായി. പുതുതായി പ്രവേശനം നേടിയത് 113 കുട്ടികൾ.
2004 ന് ശേഷം ഒന്നാം ക്ലാസ് രണ്ട് ഡിവിഷനായി. നിലനില്പ് ചോദ്യം ചെയ്യപ്പെട്ടിടത്ത് നിന്നാണ് ഈ വിദ്യാലയം ജനകീയ പിന്തുണയോടെ ജില്ലയിലെ മാതൃകാവിദ്യാലയമെന്ന ലക്ഷ്യവുമായി മികവിൻറെ പടവുകൾ കയറിത്തുടങ്ങിയത്. വെളിയങ്കോട് മേഖലയിലെ ആദ്യത്തെ പൊതുവിദ്യാലയമായിട്ടാണ് തീരദേശ മേഖലയിൽ വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂൾ സ്ഥാപിതമായത്. ഒമ്പത് പതിറ്റാണ്ടിൻറെ പഴക്കമുള്ള ഈ വിദ്യാലയത്തിൽ നിന്നും ആയിരങ്ങളാണ് വിദ്യനേടിയത്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം വെളിയങ്കോടും സമീപപ്രദേശങ്ങളിലുമായി സ്വകാര്യ വിദ്യാലയങ്ങൾ കൈയടക്കിയതോടെ ഇതിൻറെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറുകയായിരുന്നു. 2004 - 05 അധ്യായന വർഷത്തിൽ 226 വിദ്യാർഥികളുണ്ടായിരുന്നെങ്കിലും പിന്നീട് ഓരോ അധ്യായന വർഷവും കഴിയുമ്പോഴും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു. 2017 - 18 അധ്യായന വർഷമെത്തിയപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ മൊത്തം കുട്ടികൾ 98 ലെത്തി. ഇതോടെയാണ് സ്കൂൾ പി.ടി.എ. യോഗത്തിൻറെ തീരുമാനപ്രകാരം സംസ്ഥാന സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി 2018 ഫെബ്രുവരിയിൽ വികസന സമിതിക്ക് രൂപം നൽകുന്നത്. ഫാറൂഖ് വെളിയങ്കോട് ചെയർമാനും പ്രഥമാധ്യാപിക വി.ജെ. ജെസ്സി കൺവീനറും എം.പി. അബ്ദുല്ല ഹാജി വൈസ് ചെയർമാനും ടി.എം. ഹംസ ഖജാൻജിയുമായ വികസന സമിതിയും എം.എസ്. മുസ്തഫ പ്രസിഡൻറായുളള പി.ടി.എ. കമ്മിറ്റിയും ഒരുമിച്ചുള്ള നീക്കത്തിൻറെ ഭാഗമായി നാട്ടുകാരെയും സന്നദ്ധപ്രവർത്തകരെയും ഒരുമിച്ചുകൂട്ടി സ്കൂളിൽ ഫെബ്രുവരി 23 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സദസ്സിൻറെ ഉദ്ഘാടകനായ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ സ്കൂളിൻറെ മുഖച്ഛായ മാറ്റുന്നതിനായി പ്രധാനകവാടം, ജൈവവൈവിധ്യ ഉദ്യാനം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കുകയും മെയ് ആദ്യത്തോടെ . തുടർന്ന് സ്കൂളിലെത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. വിദ്യാർഥികളുടെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി സ്കൂൾ വാഹനം വാങ്ങിക്കുന്നതിനായി ആറ് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിൻറെ ടെൻഡർ നടപടികൾ പൂർത്തിയാവുകയും വാഹനം വാങ്ങിക്കുന്നതിനാവശ്യമായ തുക ലഭിക്കുന്നതിന് കളക്ടറുടെ അനുമതിക്കായി ജില്ലാ ആസൂത്രണ സമിതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് ഈ മാസത്തോടെ പുതിയ വാഹനം സ്കൂളിലെത്തും. നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ മാസത്തോടെ ഇതിൻറെ നിർമാണാനുമതി ലാഭിക്കും. ഇതിനുപുറമെ മാർച്ച് 29 ന് സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ സ്കൂളിൻറെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ ആവശ്യമായ മുഴുവൻ തുകയും സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത് വിദ്യാലയത്തിൻറെ വികസന കുതിപ്പിന് വലിയപ്രതീക്ഷയാണ് നൽകിയത്. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ ചെലവിൽ ജൈവവാതക പ്ലാൻറ് നിർമാണം പൂർത്തിയാക്കി. ഫിഷറീസ് വകുപ്പ് വിട്ടുനൽകിയ ഒന്നേകാൽ ഏക്കർ സ്ഥലത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ചുറ്റുമതിൽ നിർമാണം നടന്നുവരുന്നു. ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേർന്ന് സ്കൂളിലെ 48 വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. വെളിയങ്കോട് വെസ്റ്റ് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ മൂന്ന് മദ്രസകളിൽ കോർണർ പി.ടി.എ. യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. നാട്ടുകാരുടെ വലിയ പങ്കാളിത്തമാണ് ഈ യോഗങ്ങളിലുണ്ടായത്. കഴിഞ്ഞ അധ്യായന വർഷം 98 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 2018 - 19 അധ്യായന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 113 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. 2004 - 05 അധ്യായന വർഷത്തിലാണ് രണ്ട് ഡിവിഷനുണ്ടായിരുന്ന ഒന്നാം ക്ലാസിലെ ഒരു ഡിവിഷൻ നഷ്ടമായത് പിന്നീട് പതിമൂന്ന് വർഷത്തിനുശേഷം ഇത്തണയാണ് 35 കുട്ടികൾ ഒന്നാം ക്ലാസ്സിൽ മാത്രം പ്രവേശനം നേടിയതോടെ രണ്ട് ഡിവിഷനായി മാറിയത്. ചുരുങ്ങിയ മാസങ്ങളിലെ പ്രവർത്തനംകൊണ്ടുതന്നെ സ്കൂളിൻറെ മാറ്റം ഉൾക്കൊണ്ട പൊതുസമൂഹം വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിനെ സ്വീകരിച്ചുവെന്നതിൻറെ തെളിവാണ് കുട്ടികളുടെ പ്രവേശനത്തിലുണ്ടായ വർദ്ധനവ്.
No comments:
Post a Comment