എസ് എസ് എ മലപ്പുറം


Tuesday, September 21, 2010

ഈശ്വരമംഗലം ന്യൂ യു.പി. സ്‌കൂള്‍

പരിസ്ഥിതി സൗഹൃദത്തിന്റെ വിത്തെറിഞ്ഞ് മാതൃഭൂമി 'സീഡ്' പദ്ധതിയുടെ ഭാഗമായി ഈശ്വരമംഗലം ന്യൂ യു.പി. സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികള്‍ കരനെല്‍കൃഷി വിളവെടുത്തു. ഈശ്വരമംഗലത്തെ പ്രമുഖ കര്‍ഷകരായ അബൂബക്കറിന്റെയും വിശ്വനാഥന്റെയും പ്രചോദനത്തോടെയാണ് കുട്ടികള്‍ നെല്‍കൃഷിയിലേക്കിറങ്ങിയത്. 

മൂന്നുമാസംകൊണ്ട് വിളവെടുക്കാവുന്ന വിലകൂടിയ ആന്ധ്ര പൊന്നി അരിയുടെ വിത്താണ് സ്‌കൂള്‍ വളപ്പിലെ കരനെല്‍കൃഷിക്കായി ഉപയോഗിച്ചത്. ജൂണ്‍ അവസാനം സ്ഥലമൊരുക്കി വിത്തുവിതച്ച് പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. മിത്രകീടങ്ങള്‍ ശത്രു കീടങ്ങളെ കീഴ്‌പ്പെടുത്തി. അതിനാല്‍ കീടനാശിനി പ്രയോഗം നടത്താതെ തന്നെ നല്ല വിളവാണ് ലഭിച്ചത്.

പരിസ്ഥിതി ക്ലബ്ബിന്റെ ചുമതലയുള്ള സീഡ് കോ-ഓര്‍ഡിനേറ്റര്‍ അധ്യാപകനായ അജിത് മറ്റ് അധ്യാപകരായ മോഹന്‍ദാസ്, ബീന എന്നിവര്‍ കുട്ടികള്‍ക്ക് കൃഷി സംബന്ധിച്ചുള്ള പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും നല്‍കി. സീഡ് പദ്ധതിയുടെ ഭാഗമായി ഈ സ്‌കൂളിലെ കുട്ടികള്‍ നടത്തിയ ജൈവവൈവിധ്യ സര്‍വേയില്‍ ചില വീടുകളില്‍ പ്ലാവ് മരങ്ങളുടെ കുറവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓരോ വീട്ടിലും ഓരോ പ്ലാവ് എന്ന പ്രഖ്യാപനവുമായി 501 പ്ലാവിന്‍തൈകള്‍ നട്ടു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കര്‍ഷകരായ അബൂബക്കറിനെയും വിശ്വനാഥനെയും പൊന്നാട അണിയിച്ച് ആദരിച്ചു

No comments: