എസ് എസ് എ മലപ്പുറം


Thursday, June 24, 2021

ഫോൺ ചലഞ്ച് ഏറ്റെടുത്ത് അധ്യാപകർ

മാതൃകാപദ്ധതിയുമായി പള്ളപ്രം സ്കൂൾ

ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ 
അധ്യാപകർ സമാഹരിച്ചത് 30 ഫോണുകൾ

ചിത്രം
പൊന്നാനി പള്ളപ്രം എം എൽ പി സ്കൂളിലെ അധ്യാപകർ സമാഹരിച്ച് 30 ഫോണുകൾ മുനിസിപ്പൽ ചെയർമാൻ ആറ്റുപുറം ശിവദാസ് പി.ടി.എ പ്രസിഡൻ്റിന് കൈമാറുന്നു

പൊന്നാനി: തീരദേശത്തെ 70 ഓളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കാൻ അധ്യാപകർ മുൻകയ്യെടുത്ത് സമാഹരിച്ചത് മുപ്പത് സ്മാർട്ട് ഫോണുകൾ. പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ 11 അധ്യാപകരാണ് മാതൃകാപദ്ധതിയുടെ ശിൽപികൾ. അധ്യാപകർ സ്വന്തം നിലയിലും അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നുമാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തിയത്.

ഡിജിറ്റൽ ക്ലാസ്സുകൾ കാണാനും അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യാനും സൗകര്യമില്ലാതിരുന്ന 30 കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് അധ്യാപകർ മുൻകയ്യെടുത്ത് പുത്തൻ സ്മാർട് ഫോണുകൾ വാങ്ങി നൽകിയത്.

ട്രയൽ ക്ലാസ്സുകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വിലയിരുത്തി വീടുകളിൽ നേരിട്ടെത്തിയും അന്വേഷണം നടത്തിയും കണ്ടെത്തിയ വിദ്യാർത്ഥികൾക്കാണ് ഫോൺ നൽകുന്നത്. മറ്റു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പടെ 70ലേറെ കുട്ടികൾക്ക് ഇതിലൂടെ പഠന സൗകര്യം ഒരുക്കാനായി.

അധ്യാപകരുടെ പ്രവർത്തനം വളരെ മാതൃകാപരവും സന്തോഷം നൽകുന്നതും ആണെന്ന് മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. ഫോണുകൾ പി.ടി.എ പ്രസിഡൻ്റ് വി ഹംസു, എം.ടി.എ പ്രസിഡൻ്റ് ശ്രീജ എന്നിവർ ഏറ്റുവാങ്ങി.

 മുനിസിപ്പൽ കൗൺസിലർ വി.പി സുരേഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. 

പൊന്നാനി എ.ഇ.ഒ സുനിജ, ബി.പി.സി ഡോ. ഹരിയാനന്ദകുമാർ, സ്കൂൾ മാനേജർ വി ജനാർദ്ദനൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് അഡ്വ. ഇ സുനിത, ഹെഡ്മിസ്ട്രസ് എം.വി റെയ്സി, അധ്യാപകരായ ദിപു ജോൺ, നിത ജോയ്, പി മുഹമ്മദ് റിയാസ്, സി റഫീഖ്, ബൈജു, സജ്ന, അഫിയ, സൽമാബീവി, ആയിശാറോഷ്നി പ്രസംഗിച്ചു.

Thursday, October 22, 2020

Monday, October 12, 2020

ഹൈടെക് ക്ലാസ്സ് റൂം പ്രഖ്യാപനം

ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനം

ചിത്രം
പൊന്നാനി പള്ളപ്രം എം എൽ പി സ്കൂളിലെ ഹൈടെക് ക്ലാസ് റൂം റൂം പ്രഖ്യാപനം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന പ്രകാശൻ നിർവഹിക്കുന്നു

പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ നടന്ന ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന പ്രകാശൻ നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് വി. ഹംസു അധ്യക്ഷത വഹിച്ചു.
എ.ഇ.ഒ പി. സുനിജ സന്ദേശം നൽകി.
 പ്രധാനാധ്യാപിക എം.വി റെയ്സി, കോഡിനേറ്റർ മിഥില, എം,ടി.എ പ്രസിഡൻ്റ് ശ്രീജ, റഫീഖ് സി, ദിപു ജോൺ എന്നിവർ പ്രസംഗിച്ചു. 

കൈറ്റ് വിക്ടേഴ്സ് മുഖേനയുള്ള സംസ്ഥാന തലപരിപാടിയുടെ തത്സമയ പ്രക്ഷേപണവും ഗൂഗിൾ മീറ്റ് വഴി രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കി.

Sunday, September 6, 2020

Hi

അമേരിക്കയിലെ
*****************
ഋതുഭേദങ്ങൾ (ദിനരാത്രങ്ങൾ ) 
*****************
ഏതോ ഒരു നല്ല  ചിത്രകാരന്റെ ക്യാൻവാസ് എന്നപോലെ പടിഞ്ഞാറൻ ചക്രവാളം വിവിധ ചായക്കൂട്ടുകളാൽ മനോഹരങ്ങളായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഏറെ വൈകിയിട്ടും തന്റെ  പ്രിയതമനെ പിരി യാനാകാതെ കെട്ടിപ്പിടിച്ചു കരയുന്ന പകലിന്റെ കണ്ണുനീർ തട്ടിത്തെറിച്ച്‌ ആ ചിത്രങ്ങളിൽ മുത്തുകളായി തിളങ്ങി നിന്നു.
ഈ വിടവാങ്ങൽ തത്കാലത്തേക്ക് മാത്രം എന്ന് ആശ്വസിപ്പിച്ചുകൊണ്ട്  പകലവൻ ചക്രവാളത്തിലേക്ക് പതുക്കെ പതുക്കെ  മറഞ്ഞു നീങ്ങുന്നു. അമേരിക്കയിലെ  വേനൽക്കാലസായന്തനങ്ങൾ  നോക്കിയിരിക്കുമ്പോൾ എന്റെ  ഉള്ളിലും ഒരു കവിഹൃദയം മുളപൊട്ടുകയുണ്ടായി. ഋതുഭേദങ്ങൾ എല്ലായിടത്തും  കാലാവസ്ഥയെ മാത്രമല്ല ഉദയാസ്തമയങ്ങളെയും സ്വാധീനിക്കാറുണ്ടെങ്കിലും ഇവിടത്തെ ദിനരാത്രങ്ങൾ വളരെ വിസ്മയകരമായി തോന്നി. ഏറെ വൈകിയിട്ടും  പകലിനെ വിട്ടുപോകാൻ എന്തോ  മടിയുള്ളതു പോലെയാണ്  വേനൽക്കാലത്തെ അസ്തമയ സൂര്യനെ കാണുമ്പോൾ പലപ്പോഴും തോന്നാറുള്ളത്. എല്ലാമെല്ലാം  വിചിത്രാനുഭവങ്ങൾ. !!രാത്രി ഒന്പത് മണി വരെയുള്ള പകൽ വെളിച്ചം ഒരു നറു നിലാവിലെന്ന പോലെ ഞാൻ  
ആവോളം ആസ്വദിച്ചു. വൈകീട്ട് എട്ടു  മണിയായാൽ എന്നും  നടക്കാനിറങ്ങും. വീടിനു അടുത്തു തന്നെ  വലിയ ഒരു ഗ്രൗണ്ട്  ഉണ്ട് ,
 അതൊരു തടാകത്തിനു അടുത്തായിരുന്നു. അമേരിക്കയെ "തടാകങ്ങളുടെ നാട്"എന്ന് വിശേഷിപ്പിക്കാറുണ്ട്. ഓരോ നഗരവും രൂപ കല്പ്പന ചെയ്തിരിക്കുന്നത് തടാകക്കരകളിൽ ആണ്. ഗ്രൗണ്ടിനോട് ചേർന്നുള്ള തടാകത്തിൽ 
പായ് വഞ്ചികൾ  ഒരു പതിവ് കാഴ്ചയായിരുന്നു  .കാനഡയിൽ നിന്ന് വരുന്ന കറുത്ത താറാവ് കൂട്ടങ്ങൾ ഇക്കാലത്തെ മറ്റൊരു പ്രത്യേകതയാണ്. കരയിലും വെള്ളത്തിലും ഇവയെ എപ്ലോഴും കാണാം.  ഇവ  കുണുങ്ങി കുണുങ്ങിക്കൊണ്ട് കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുമ്പോൾ   ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ   പോലും ആ ദേശാടന  പക്ഷികൾക്കായി  വഴിയൊരുക്കികൊടുക്കുന്നത് കണ്ടപ്പോൾ മനുഷ്യജീവന് ഒരു പുല്ലുവിലപോലും കൽപ്പിക്കാത്ത നമ്മുടെ നാട്ടിലെ റോഡുകൾ ഞാൻ  വെറുതെ ഓർത്തുപോയി. നേരത്തെ സൂചിപ്പിച്ച ഗ്രൗണ്ടിൽ  നടക്കുന്നതിനായി  പ്രത്യേകം നടപ്പാതയും, കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ  കളിക്കാനുമൊക്കെയുള്ള  സൗകര്യം ഉണ്ടായിരുന്നു.  വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഒരുപാട് പേർ സന്ധ്യയായാൽ അവിടെ  എത്തിച്ചേരും.  ചിലരൊക്കെ എന്നോട്  കുശലാന്വേഷണങ്ങൾ  ചോദിക്കാറുണ്ടായിരുന്നു.  അതിൽ റിച്ചാർഡ്  എന്ന ഒരു സ്പെയിൻ കാരനെ ഇപ്പോഴും  ഓർക്കുന്നു. .ഇന്ത്യയുടെ സംസ്കാരം,  ഇന്ത്യൻ സാഹിത്യം, ഇന്ത്യൻ സിനിമ ഇതൊക്കെ അവർക്ക് വലിയ ഇഷ്ടമാണെന്ന് പറയുകയുണ്ടായി. എന്റെ ചുരുങ്ങിയ അറിവ് വെച്ചു  അവയെക്കുറിച്ചൊക്കെ ചർച്ച ചെയ്യുക പതിവായി.  അവർ  വർഷങ്ങൾക്കു മുൻപ് ഇവിടേക്ക് കുടിയേറി പാർത്തവരായിരുന്നു. അമേരിക്ക ഒരു migrating country ആണെന്ന് പറയാം. ഇവിടേയ്ക്ക് കുടിയേറി പാർക്കാത്ത രാജ്യങ്ങൾ ഉണ്ടോ എന്ന് തന്നെ  സംശയമാണ്‌.   സത്യത്തിൽ "നാനാത്വത്തിൽ ഏകത്വം" കൂടുതൽ പ്രകടമാകുന്നത് ഇവിടെയല്ലേ എന്ന്  തോന്നിപ്പോയിട്ടുണ്ട്.  ഇവിടത്തെ യഥാർത്ഥ തദ്ദേശ വാസികൾ  റെഡ്  ഇന്ത്യക്കാരാണ്. പക്ഷെ സ്വന്തം നാട്ടിൽ പൗരത്വം നിഷേധിക്കപ്പെട്ട ഹതഭാഗ്യരായിരുന്നു റെഡ് ഇന്ത്യക്കാർ.  പിന്നീട് ചില ഉപാധികളോടെ പൗരത്വം ലഭിക്കുകയുണ്ടായി. 'ആമിഷ്' വർഗ്ഗക്കാരെപോലെ തങ്ങളിൽ തന്നെ ഒതുങ്ങിക്കൂടി  സമൂഹമധ്യത്തിലേക്കു ഇറങ്ങി വരാൻ മടിക്കുന്നവരാണ് ഇവരും.ജനസംഖ്യയിൽ ഏകദേശം 30  ലക്ഷത്തിൽ താഴെ മാത്രം വരുന്ന റെഡ് ഇന്ത്യക്കാർ അമേരിക്കയുടെ മധ്യഭാഗത്താണ്  കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ  കാര്യമായ വികസനങ്ങൾ എത്തിനോക്കാത്ത പ്രദേശമായി ഇപ്പോഴും അവിടം  നിലകൊള്ളുന്നു. പുറം ലോകവുമായി അധികം ബന്ധമില്ലാത്തതുകൊണ്ട്  ഇവരെ കാണാൻ പ്രയാസമാണെങ്കിലും  എനിക്കൊരു കാർണിവലിൽ വെച്ച് 
കാണാനൊരവസരം ലഭിക്കുകയുണ്ടായി.  കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. കണ്ടാൽ  നമ്മുടെയൊക്കെ പോലെ തന്നെ.1453 - ൽ തുർക്കികൾ കോൺസ്റ്റാന്റിനേപ്പ്ൾ പിടിച്ചെടുത്തപ്പോൾ യൂറോപ്പിൽ നിന്ന്  കരമാർഗ്ഗം ഇന്ത്യയിലേക്കുള്ള വഴി തടസ്സപ്പെടുകയും, സമുദ്രമാർഗ്ഗമുള്ള വഴി കണ്ടെത്താനായി നിരവധി പേർ ശ്രമങ്ങൾ നടത്തുകയുണ്ടായി എന്നും, അതിൽ ഇറ്റാലിയൻ പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസ് വഴി തെറ്റി അമേരിക്കയിൽ എത്തുകയും അവിടത്തെ ജനങ്ങളെ കണ്ട് ഇന്ത്യക്കാരാണെന്ന് തെറ്റിദ്ധരിച്ച്‌ താൻ ഇന്ത്യ യിലേക്കുള്ള വഴി കണ്ടെത്തി എന്ന് വിശ്വസിക്കുകയും  ചെയ്തു എന്നൊക്കെ നമ്മൾ പ്രൈമറി ക്ലാസ്സിൽ പഠിച്ചിട്ടുണ്ടല്ലോ... പക്ഷെ കൊളംബസിന് ഇവരെ കണ്ടപ്പോൾ ഇന്ത്യക്കാരാണ്  എന്ന് സംശയം തോന്നിയതിൽ കുറ്റം പറയാനാവില്ല  എന്നെനിക്കും  തോന്നുകയുണ്ടായി. അങ്ങനെ വിവിധ രാജ്യക്കാരുമായൊക്കെ  സൗഹൃദം സ്ഥാപിച്ചുകൊണ്ടും അവരുമായി  കൊച്ചുവാർത്തമാനങ്ങൾ പറഞ്ഞുകൊണ്ടും രാത്രി 9 മണി വരെ നീണ്ടുനിൽക്കുന്ന സായാഹ്നങ്ങളെ ഞാൻ മധുരോദാരമാക്കി. പിന്നീട് ദിവസങ്ങൾ 
കഴിയുന്തോറും  സൂര്യന്  പകലിനോടുള്ള സ്നേഹം പതുക്കെ പതുക്കെ കുറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.   പകലിനെ വിട്ടുപിരിയാൻ എന്തോ തിടുക്കം കാട്ടുന്നതുപോലെ..  മഞ്ഞുപെയ്യുന്ന കാലങ്ങളിൽ നാലുമണിപ്പൂ വിരിയുന്ന നേരത്ത് തന്നെ പകലിന്റെ പട്ടടയിൽ ഇരുൾ മൂടുകയായി.സൂര്യന്റെ ഈ വ്യത്യസ്ത സ്നേഹപ്രകടനത്തിൽ പകലിന്റെയും രാത്രിയുടെയും കാലയളവിൽ വളരെ യധികം വ്യത്യാസം ഉണ്ടാകുന്നു. ചിലപ്പോൾ പകൽ 15 മണിക്കൂറിൽ കൂടുതൽ ആവുമ്പോൾ മറ്റു ചിലപ്പോൾ അത് 10 മണിക്കൂർ ഒക്കെ ആയി ചുരുങ്ങുന്നു. ഇത് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ പലതരത്തിലും വല്ലാതെ  ബാധിക്കുകയുണ്ടായി. പകലിന്റെ ഈ നഷ്ടം നികത്താനായി   അമേരിക്കൻ ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ  ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ 1784 ൽ Day Light Saving Time  (DST)എന്നൊരാശയം ആദ്യമായി മുന്നോട്ടു വെക്കുകയുണ്ടായി. പിന്നീട് 1895 ൽ ജോർജ് ഹെഡ്‌സൺ വീണ്ടും ഈ ആശയം നിർദ്ദേശിക്കുകയും, അങ്ങനെ 
 ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1916 ൽ ജർമ്മനിയിൽ ആദ്യമായി DST  നടപ്പിലാക്കുകയും,  അതിനെ തുടർന്ന്  1918 ൽ  അമേരിക്കൻ ഐക്യനാടുകളിലും DST നടപ്പാക്കുയുണ്ടായി. ഇതുപ്രകാരം പകൽ കുറവുള്ള വിന്റർ സീസണിൽ പകൽ സമയം ലാഭിക്കാനായി ക്ലോക്ക് 1 മണിക്കൂർ പിന്നിലേക്ക് ക്രമീകരിക്കുന്നു.  അത് നവംബർ ആദ്യത്തെ ഞായറാഴ്ച യാണ് ചെയ്യുന്നത്. ഉദാഹരണത്തിന് രാവിലെ 6 മണിയാകുമ്പോൾ ഒരു മണിക്കൂർ പിന്നിലേക്ക് തിരിച്ചാൽ 5 മണി ആകുമല്ലോ. അങ്ങനെ 1 മണിക്കൂർ പകൽ ലാഭിക്കുന്നു. പിന്നീട് പകൽ കൂടുതലുള്ള സ്പ്രിംഗ്, സമ്മർ സീസണുകളിൽ പകലിന്റെ ദൈർഘ്യം കൂടുമ്പോൾ ക്ലോക്ക് പഴയ പടി തന്നെ 1 മണിക്കൂർ മുന്നിലേക്ക്‌ തിരിച്ചു വെക്കുന്നു.    എല്ലാ വർഷവും മാർച്ച്‌ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇങ്ങനെ ചെയ്യുന്നത്.ഈ വർഷം മാർച്ച്‌ 11  ഞായറാഴ്ച ആയിരുന്നു സമയക്രമീകരണം നടന്നത്.  അതിനായി പ്രത്യേക  മുന്നറിയിപ്പിന്റെ ആവശ്യമില്ല. കംപ്യൂട്ടറിലും ഫോണിലുമെല്ലാം സമയം അതിനനുസരിച്ച്‌ സമയം മാറിവരും. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ  ഭൂഖണ്ഡങ്ങളിലൊന്നും  DST നടപ്പിലാക്കാതുകൊണ്ട് തന്നെ ലോകത്തിൽ ഭൂരിപക്ഷം ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ല.  ഇന്ത്യയിൽ ഗുജറാത്തിലെ കച്ച്‌ തുടങ്ങിയ പ്രദേശങ്ങളിൽ ദിനരാത്രങ്ങളിൽ പ്രകടമായ മാറ്റം ഉള്ളത് കൊണ്ട് DST നടപ്പാക്കുന്നതിനെ കുറിച്ച് ഒരിക്കൽ  ചിന്തിക്കുകയുണ്ടായിരുന്നു. പക്ഷെ ഒരു രാജ്യത്ത് രണ്ടു സമയം ഉള്ളത് പ്രായോഗികമായതി പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നുള്ളത് കൊണ്ട് 
പിന്നീട് ആ ശ്രമം  ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഏഴാംകടലിനക്കരെയുള്ള ഈ സ്വപ്നഭൂമിയിൽ ഒത്തിരി ഒത്തിരി  വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ ഞാനിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്നു...
     Sheela tr.
HM. PNUPS Kanhiramukku

Thursday, August 20, 2020

IEDC Format

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഫോർമാറ്റ് അയയ്‌ക്കുന്നു.
സാബു എം വർഗീസ് 
HM
 എ എം എൽ .പി സ്കൂൾ
കറുകത്തിരുത്തി

Sunday, June 7, 2020

കേൾവിക്കുറവിനുള്ള മെഷീൻ ആവശ്യമുള്ളവർ ബന്ധപ്പെടുക

കേൾവിക്കുറവിനുള്ള മെഷീൻ ആവശ്യമുള്ളവർ ബന്ധപ്പെടുക

പൊന്നാനി: കേൾവിക്കുറവ് പരിഹരിക്കുന്നതിന്നായി ഉപയോഗിക്കുന്ന റിയോനെറ്റ് മെഷീൻ ഒരെണ്ണം ആവശ്യമുള്ള സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് നൽകും. ഫോൺ:  8714 222 969

Saturday, February 1, 2020

എം.ഐ.ഹയർ സെക്കന്ററി സ്കൂളിന്റെ 72 - മത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും

എം.ഐ സ്കൂളിലെ വാർഷികവും യാത്രയയപ്പും
ചിത്രം -
പൊന്നാനി
എം.ഐ.ഹയർ സെക്കന്ററി സ്കൂൾ 72 - മത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പൊന്നാനി: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യ വിദ്യാർത്ഥികളിൽ ആകാംക്ഷ വർദ്ധിപ്പിക്കുകയും സ്വയം അറിവു തേടിയുള്ള യാത്രയിലേക്ക് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യത്തിൽ അധ്യാപകർ കാലാനുസൃതമായി മാറണമെന്നും വിദ്യാലയങ്ങൾ പുതിയ അറിവുൽപാദനത്തിന്റെ കേന്ദ്രമായി പരിവർത്തിക്കപ്പെടണമെന്നും നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
വൈവിധ്യങ്ങുടെ ഏകതയാണ് ഭാരതത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം.
 എം.ഐ.ഹയർ സെക്കന്ററി സ്കൂളിന്റെ 72 - മത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എം.ഐ.സഭാ സെക്രട്ടറി ഹംസ ബിൻ ജമാൽ റംലി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ മികച്ച സ്പീക്കർക്കുള്ള പുരസ്കാരം നേടിയ പി ശ്രീരാമകൃഷ്ണനെ ആദരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയയായ സുഹറാ മമ്പാട്, സ്കൂൾ പ്രിൻസിപ്പൽ നമീറാ ബീഗം, അധ്യാപകരായ ടി.എഫ് ജോയ്, പി.വി.ബഷീർ, കെ.വി.ഇബ്രാഹിം പി.പി.ഹരീഷ് യാത്രയയപ്പ് ഏറ്റുവാങ്ങി.
എം.ഐ.സഹോദര സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്ന അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. എ. ഇ ഒ .സുനിജ, എ.എം.സമദ് ,വി.ശെരീഫ് ,എം.പി.നിസാർ, ഇബ്രാഹിം മാളിയേക്കൽ, ജർജീസ് റഹ്മാൻ, ഹെഡ്മാസ്റ്റർ പി.പി.ഷംസു, ടി. നബീൽ പ്രസംഗിച്ചു.

Tuesday, January 21, 2020

സുരക്ഷിത വിദ്യാലയം രക്ഷാകർതൃ സംഗമം നടത്തി

സുരക്ഷിത വിദ്യാലയം
രക്ഷാകർതൃ സംഗമം നടത്തി

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ 'സുരക്ഷിത വിദ്യാലയം' രക്ഷാകർതൃ സംഗമത്തിൽ എ.എസ്.ഐ വാസുണ്ണി സംസാരിക്കുന്നു.

പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ 'സുരക്ഷിത വിദ്യാലയം' രക്ഷാകർതൃ സംഗമം സംലടിപ്പിച്ചു. വിദ്യാലയ സുരക്ഷ സംബന്ധിച്ച്  എ.എസ്.ഐ വാസുണ്ണിയും വിദ്യാർത്ഥി സുരക്ഷ സംബന്ധിച്ച് ഐ.സി.ഡി.എസ് പ്രൊജക്ട് കോർഡിനേറ്റർ ശീതളും ക്ലാസ്സെടുത്തു.
പി.ടി.എ പ്രസിഡന്റ് വി.ഹംസു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.വി. റെയ്സി, റഫീഖ്.സി, ദിപു ജോൺ, മുഹമ്മദ് റിയാസ്, ബൈജു.ടി.വി സംസാരിച്ചു.

Saturday, January 18, 2020

പ്രബന്ധ മത്സരം

പൊന്നാനി: 2020  ഫെബ്രുവരി 23 നു മലപ്പുറം വെന്നിയൂർ പരപ്പൻ സ്ക്വയറിൽ നടക്കുന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ യുടെ 41-ാമത് സംസ്ഥാന വാർഷിക കൗൺസിലി നോടനുബന്ധിച്ച് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള യു. പി, ഹൈസ്കൂൾ  ഹയർസെക്കൻഡറി സ്കൂളുകളിലെ   വിദ്യാർത്ഥികളിൽ നിന്ന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. വിഷയം: ''ആയുർവേദം-ഞാൻ അറിഞ്ഞതും
ഞാൻ അറിയേണ്ടതും'' പ്രബന്ധരചനക്കുള്ള മാർഗനിർദേശങ്ങൾ 9446247459 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമയച്ചാൽ ലഭിക്കും.

Sunday, January 5, 2020

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മിനി ടീച്ചറെ ആദരിച്ചു

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  മിനി ടീച്ചറെ ആദരിച്ചു

ചിത്രം -
 സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മിനി ടീച്ചർക്ക് കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹകസമിതി അംഗം കെ അബ്ദുൽ മജീദ് ഉപഹാരം നൽകുന്നു.

പൊന്നാനി: സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ.പി.എസ്.ടി.എ അംഗവും  തെയ്യങ്ങാട് ജി.എൽ.പി.എസ് പ്രധാനാധ്യാപികയുമായ മിനി ടീച്ചറെ കെ.പി.എസ്.ടി.എ പൊന്നാനി സബ് ജില്ലാ കമ്മിറ്റി അനുമോദിച്ചു.
 എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹകസമിതി അംഗം കെ അബ്ദുൽ മജീദ് ഉപഹാരം നൽകി.  എം കോയക്കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ സതീശൻ, എം.കെ.എം അബ്ദുൽ ഫൈസൽ, ഹസീനബാൻ, എം.പ്രജിത്ത് കുമാർ, പി.താരാദേവി, പി.ഹസ്സൻകോയ, എൻ.മനോജ്, കെ.എം.ജയനാരായണൻ, ഹേമന്ത്, കൃഷ്ണദാസ് തുടങ്ങിയവർ സംബന്ധിച്ചു.

Thursday, November 14, 2019

സർഗപ്രതിഭയോടൊപ്പം പള്ളപ്രം എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ

പൊന്നാനി: "വിദ്യാലയം പ്രതിഭകളോടൊപ്പം " എന്ന പരിപാടിയുടെ ഭാഗമായി പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന അസിസ്റ്റൻറ് കമ്മീഷണറും മുൻ ദേശീയ  അധ്യാപക അവാർഡ് ജേതാവുമായ പി കോയക്കുട്ടി മാസ്റ്ററെ ആദരിച്ചു. അധ്യാപകർക്കൊപ്പം വസതിയിൽ എത്തി റോസാപ്പൂക്കൾ നൽകിയ വിദ്യാർത്ഥികൾ സ്കൗട്ട് പ്രസ്ഥാനം, സാക്ഷരതാ യജ്ഞം, അധ്യാപനം തുടങ്ങിയ മേഖലകളിൽ കോയക്കുട്ടി മാസ്റ്റർ നടത്തിയ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. നെഹ്റുവിന്റെ ജീവിത സന്ദേേശവും ശ്രദ്ധേധേയമായ കഥകളും കുട്ടികളുമായി പങ്കുവെച്ചു. പി.ടി.എ പ്രസിഡന്റ് വി.ഹംസു പൊന്നാട അണിയിച്ചു. റഫീഖ് മാസ്റ്റർ പ്രതിഭയെ പരിചയപ്പെടുത്തി. ജൂലിഷ് എബ്രഹാം.കെ, റിയാസ്, ബൈജു വിൻസന്റ്, അഫിയ, സ്കൂൾ ലീഡർ ഫാത്തിമതുൽ നുനു, പി. അമീൻ നേതൃത്വം നൽകി.

ചിത്രം -
പള്ളപ്രം എ.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ പി.കോയക്കുട്ടി മാസ്റ്ററെ ആദരിക്കുന്നു. 

Friday, September 6, 2019

Sunday, August 4, 2019

ഗാന്ധി ദർശൻ ക്ലബ്ബ്

(ചിത്രം )
പൊന്നാനി: എ.വി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് ഉൽഘാടനം ഇയ്യാച്ചേരി കുഞ്ഞി കൃഷ്ണൻ നിർവഹിക്കുന്നു.

ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം

പൊന്നാനി: എ വി ഹയർ സെക്കൻഡറി സ്‌കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് ഉൽഘാടനം ഇയ്യാച്ചേരി കുഞ്ഞി കൃഷ്ണൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രമേശൻ അധ്യക്ഷത വഹിച്ചു. ഇയ്യാച്ചേരിപത്മിനിടീച്ചർ, അധ്യാപകരായ  സരള, കൃഷ്ണകുമാർ, ഡേവിഡ്, ജയറാം, സിന്ധു, ഷീജ, തുഷാര, ഭവ്യ ,രജനി എം സി, അനില, സിനി ടി ടി, പി.പി.അബ്ദുൾ ജലീൽ, രജനി പി.ഇ പ്രസംഗിച്ചു.


Thursday, July 18, 2019

വായനോത്സവം സമാപിച്ചു

 ചേന്നമംഗലം സ്കൂളിൽ ബിഗ്‌ ബുക്ക്‌ തയ്യാറാക്കി
പൊന്നാനി: എരമംഗലം ചേന്ദമംഗലം എ. എൽ. പി. സ്കൂളിൽ ഒരു മാസമായി നീണ്ട്‌ നിന്ന വായനോത്സവം സമാപിച്ചു. ഇരുന്നൂേേേറോളം വിദ്യാർത്ഥികളുടെ നാനൂറോളം സർഗ്ഗ വിഭവങ്ങൾ കോർത്തിണക്കിയ 'സർഗ്ഗസരോവരം' ബിഗ്ബുക്ക് ഒരുക്കിയാണ് ഒന്നാം ഘട്ടം അവസാനിച്ചത്‌. വിദ്യാർഥികളുടെ സർഗ്ഗസൃഷ്ടികളുമായി അനുഭവക്കുറിപ്പുകളും ദിനാചരണ ചെപ്പുകളും കൊണ്ട് സമ്പന്നമാണ് 70 x120 സെ.മീ വലിപ്പവും 300 പേജുകളുമുള്ള ബിഗ്‌ മാഗസിൻ.

ചിത്രം പൊന്നാനി ഉപജില്ലയിലെ ചേന്നമംഗലം എൽപി സ്കൂളിൽ വായന വായനോത്സത്തിൻറെ ഭാഗമായി തയ്യാറാക്കിയ ബിഗ് ബുക്ക്

Wednesday, July 10, 2019

വെളിയങ്കോട് സ്കൂളിൽ നെല്ലിമരം നട്ടും പൂന്തോട്ടം സമർപ്പിച്ചും പൂർവ്വ വിദ്യാർത്ഥികൾ

സ്കൂളിൽ നെല്ലിമരം നട്ടും പൂന്തോട്ടം സമർപ്പിച്ചും പൂർവ്വ വിദ്യാർത്ഥികൾ 

"ഓർമ്മയ്ക്കായ് സ്നേഹസംഗമം" നടത്തി.
പൊന്നാനി: വെളിയങ്കോട് ഹൈസ്കൂളിലെ 92-93 കാലയളവിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ ''സ്നേഹസംഗമം" നടത്തി. കഥാകൃത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫിറോസ് അധ്യക്ഷനായി.
പഴയ കാല അധ്യാപകരെ ആദരിക്കൽ, ഈ വർഷം ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച  എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികളെ അനുമോദിക്കൽ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.

വർഷങ്ങളുടെ ഇടവേളയിൽ ഒത്തുചേർന്നതിന്റെ സന്തോഷത്തിന്റെ പ്രതീകമായി  "ഓർമ്മയ്ക്കായ്" എന്ന പേരിൽ തറ കെട്ടി നെല്ലി ചെടിവെച്ചുപിടിപ്പിച്ചു. കൂടാതെ പൂന്തോട്ടവും നിർമ്മിച്ച് സ്കൂളിന് സമർപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഓരോ വൃക്ഷ തൈകളും സമ്മാനിച്ചു. അബ്ബാസ്, മജീദ്, ഗഫൂർ, റാഫി, അനീഷ്, റിയാസ്, സുബ്രഹ്മണ്യൻ, പുഷ്പ, അഷീറ,  സുമിത, ജയപ്രിയ, പ്രീത, സാഹിറ, സുലൈഖ, ഷെറീന നേതൃത്വം നൽകി.

Wednesday, June 19, 2019

വായനാവാരാചരണം

വായനാവാരാചരണം

പൊന്നാനി : പൊന്നാനി എം.ഐ. ബോയ്സ് ഹൈസ്കൂളിൽ വായനദിനം നാടക പ്രവർത്തകൻ സർഫ്രാസ് അലി  ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ പി.പി. ഷംസുദ്ദീൻ, കെ.കുഞ്ഞൻ ബാവ, രമേശ് ചന്ദ്ര, വിനോദ് എം, ടി.എഫ് ജോയ്, മേരി സക്കരിയ, കെ.വി. ഹബീബ് റഹ്മാൻ, നിഹാൽ  പങ്കെടുത്തു.

പൊന്നാനി : പൊന്നാനി എം.ഐ.യു.പി സ്കൂളിലെ വായനാവാരാചരണം കവി ഇബ്രാഹീം പൊന്നാനി ഉദ്ഘാടനം ചെയ്തു. കെ.ഹനീഫ, കെ.ഹുസൈൻ, പി.കെ കുഞ്ഞുമുഹമ്മദ്, റാസി, കെ.വി മുഹമ്മദ് ഫാറൂഖി, റഹ്മത്ത് ബീഗം പ്രസംഗിച്ചു

പൊന്നാനി: വായന മനുഷ്യനിൽ ഉദാത്ത ജീവിതബോധം വളർത്തുന്നുവെന്നും ആ ബോധം സംസ്കാര രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും ലൈബ്രേറിയൻ കെ.എ ഉമ്മർ ക്കുട്ടി പറഞ്ഞു. പൊന്നാനി കൃഷ്ണപ്പണിക്കർ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വി.വി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.കെ.എം.മുഹമ്മദ് ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി. ടി.വി.ചന്ദ്രശേഖരൻ, ഇബ്രാഹിം പൊന്നാനി, കെ.വി. നദീർ, പി.കെ.സദാനന്ദൻ, ബ്രദർ വർഗ്ഗീസ് പ്രസംഗിച്ചു.

Friday, June 7, 2019

അധ്യാപക ഒഴിവ്

അദ്ധ്യാപക അഭിമുഖം ഇന്ന് ( 8-6-19 ശനി)

പൊന്നാനി: പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി.സ്കൂളിൽ യുപിഎസ് ടി, എൽ.പി.എസ്.ടി, എൽ.പി അറബിക്, യു.പി. അറബിക് അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് നടക്കും.  യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫികറ്റ് സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം.

7.

Thursday, June 6, 2019

പ്രവേശനോത്സവം

കുഞ്ഞിക്കുടയും ചങ്ങാതി ബാഗുമായി
പൊന്നാനിയിലെ പ്രവേശനോത്സവം

ചിത്രം -
പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ നഗരസഭയുടെ ചങ്ങാതി ബാഗും കുഞ്ഞിക്കുടയും വിതരണോദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റീന പ്രകാശൻ നിർവഹിക്കുന്നു

പൊന്നാനി: തുടർച്ചയായ നാലാം വർഷവും കുഞ്ഞിക്കുടയും ചങ്ങാതി ബാഗുമായി പൊന്നാനിയിലെ പ്രവേശനോത്സവം. പൊന്നാനി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. നഗരസഭ പരിധിയിലുള്ള സർക്കാർ എയ്ഡഡ് മേഖലയിലെ 20 സ്കൂളുകളിലെ 1068 കുരുന്നുകൾക്കാണ് കുടയും ബാഗും സ്ലൈറ്റും പെൻസിലും വിതരണം ചെയ്തത്. 

ചെറുവായ്ക്കര ജി.യു.പി.സ്കൂളിൽ നടന്ന നഗരസഭതല പ്രവേശനോത്സവം ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പൊന്നാനി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് രജീഷ് ഊപ്പാല, കൗൺസിലർമാരായ പി.ധന്യ, ഒ.വി ഹസീന, വി.കെ പ്രശാന്ത് സംസാരിച്ചു.


നഗരസഭയിലെ വിവിധ സ്കൂളുകളിലെ പ്രവേശനോത്സവങ്ങൾ വൈസ് ചെയർപേഴ്സൺ വി.രമാദേവി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.മുഹമ്മദ് ബഷീർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ ഷംസു, അഷറഫ് പറമ്പിൽ, ഷീന സുദേശൻ ഉദ്ഘാടനം ചെയ്തു. പളളപ്രം എം എൽ പി സ്കൂളിൽ കുഞ്ഞി കുടയും ചങ്ങാതി ബാഗും വിതരണം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീന പ്രകാശൻ ഉദ്ഘാടനം ചെയ്തു.
 പൊന്നാനി ടി. ഐ.യു.പി സ്കൂളിൽ പി.വി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മാനേജർ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രതിനിധി കബീർ, സ്റ്റാഫ് സെക്രട്ടറി അബ്ദുല്ലക്കുട്ടി അലിയാസ് കോയ, ഹെഡ്മാസ്റ്റർ കെ.എസ്. മുഹമ്മദ് സലീം, ബെറ്റി.എം.ജോസ് പ്രസംഗിച്ചു.